"അമ്മെ ഒരു കഥ പറഞ്ഞു തരോ "?
നമ്മുടെ കൊച്ചു കേരളത്തിന്റെ കഥ പറഞ്ഞു തരാട്ടോ,പണ്ട് വളരെ പണ്ട് പരശുരാമന്‍ എന്നൊരാള്‍ അദ്ധേഹത്തിന്റെ ആയുധമായ മഴു കടലിലേയ്ക്ക് വലിച്ചെറിഞ്ഞു
മഴു വീണ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നതാണ് നമ്മുടെ കേരളം.......
കെട്ടുകഥകള്‍ കൊണ്ട്നിറച്ചു വച്ചിരിക്കുന്ന കേരളോല്‍പ്പത്തിയിലെ ഒരു വിഡ്ഢിക്കഥ.അതിനു പ്രാധാന്യം നല്‍കി വരും തലമുറയെ കൂടി പറഞ്ഞുപഠിപ്പിക്കുന്നത് എന്തിനാണ് എന്ന് എത്രാലോചിച്ചിട്ടും മനസിലാവുന്നില്ല.".പ്രൊ.ടി ഗംഗാധരന്റെ" "കേരള ചരിത്രം" എന്ന പുസ്തകത്തില്‍ നിന്നുമുള്ള ഒരു ഭാഗം ചേര്‍ക്കുന്നു "പരശുരാമ സൃഷ്ടിയുമായി ബന്ധപ്പെടുത്തി കേരളീയ സമൂഹത്തിലെ വരേണ്യ വിഭാഗം മെനഞ്ഞെടുത്ത കേരളോല്പത്തി കഥകള്‍ പ്രചാരം നേടുന്നതിനു മുന്‍പ്,കേരളത്തിന്റെ ഭൂമിശാസ്ത്രരൂപീകരണവുമായി ബന്ധപ്പെട്ട ജനകീയ സാംസ്കാരിക ആഖ്യാനങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു അധ്വാനത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ഇത്തരം ആഖ്യാനങ്ങള്‍ ,മദ്ധ്യകാലഘട്ടത്തില്‍ വരമൊഴിയില്‍ ആധിപത്യം നിലനിര്‍ത്തിയവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കിടയില്‍ തമസ്കരിക്കപെടുകയായിരുന്നു.ഈ ജനകീയ സാംസ്കാരികാഖ്യാനങ്ങള്‍ പ്രകാരം കേരളത്തിനു അതിന്റെ ഭൂപ്രകൃതിയെയും,ചരിത്രത്തെയും നിര്‍മ്മിച്ച് നല്‍കിയത് കാലാവസ്ഥയും,അധ്വാനവുമാണ്.ജന്മിത്വവും,നാടുവാഴിഭരണവും,കോളനിവല്ക്കരണവും കാലാകാലങ്ങളില്‍ അധ്വാനിക്കുന്നവന്റെ കയ്യില്‍ നിന്ന് ഭൂമിയും,ചരിത്രവും ബലപ്രയോഗത്തിലൂടെ പിടിച്ചു വാങ്ങുകയായിരുന്നു.
പ്രാചീന മിത്തുകളില്‍ ഒന്ന് ഇങ്ങനെ പറയുന്നു :"തുടക്കത്തില്‍ വെള്ളമായിരുന്നു എല്ലാ സ്ഥലത്തും;ജലപ്രളയം.അപ്പോഴാണ് ആദ്യത്തെ രണ്ടു സൃഷ്ടികള്‍ സംഭവിക്കുന്നത് മണ്ണാര്മണി ഞണ്ടും,മണ്ണാര്‍മണി തുമ്പിയും ഞണ്ട് വെള്ളത്തിനടിയില്‍ നിന്നും മണ്ണ് ഉപരിതലത്തിലേക്ക് കൊണ്ട് വരും.തുമ്പി ആ മണ്ണെടുത്ത് കിഴക്കന്‍ കരയില്‍ കൂട്ടിവയ്ക്കും .അങ്ങനെ മണ്ണാര്‍മണി ഞണ്ടും മണ്ണാര്‍മണി തുമ്പിയും ഏറെക്കാലം പ്രയത്നിച്ചാണ് കേരളത്തിന്റെ ഭൂമിയുണ്ടാക്കിയത്.
ഈ കെട്ടുകഥയേക്കാള്‍ കുഞ്ഞുങ്ങള്‍ക്ക് കുറച്ചുകൂടി സ്വീകാര്യമാവുക മണ്ണാര്‍മണി ഞണ്ടിന്റെയും,മണ്ണാര്‍മണി തുമ്പിയുടെയും കഥയായിരിക്കും.മനുഷ്യപ്രയത്നത്തെ പ്രതീകാത്മകമായി ആവിഷ്കരിക്കുന്ന ഒരു കൊച്ചു കഥ .